മുന്‍കരുതല്‍/സുരക്ഷ

ദുരിത പ്രളയം കഴിഞ്ഞു നമ്മൾ വീട്ടിലേക്കു …
കരുതൽ വേണം ഒരുപാട് . ധൃതി വേണ്ട ആവശ്യമായ മുൻകരുതൽ എടുത്ത ശേഷം മാത്രം താമസം മാറാം
വെള്ളം കയറിയ വീടുകളിലേക്ക് കയറുന്നതിന് തിരക്കു കൂട്ടാതെ വേണ്ട വിധം മുൻകരുതലുകൾ എടുത്ത ശേഷം മാത്രം താമസം മാറ്റുക.
അത്യാവശ്യമായി ശ്രദ്ധ പതിയേണ്ട ചില കാര്യങ്ങൾ പറയാം

സുരക്ഷയ്ക്കാവണം പ്രധാന പരിഗണന… ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേക്കു ചെല്ലരുത് … പാമ്പു മുതൽ ഗ്യാസ് ലീക് വരെ ഉണ്ടാകാം .

ഗേറ്റ് തുറക്കുമ്പോൾ സൂക്ഷിക്കണം , പ്രളയത്തിൽ ആഘാതം നേരിട്ടതിനാൽ മതിൽ ഇടിയാൻ സാധ്യത ഉണ്ട്. പകൽ സമയത്തുമാത്രം വീടുവൃത്തിയാക്കൽ നടത്തുക. വെള്ളം കയറി ഈർപ്പം തങ്ങി നിൽക്കുന്നത് സ്ട്രക്ച്ചറിന് ദോഷകരമാണ്. അതുകൊണ്ട് വീണ്ടും കയറിത്താമസിക്കുന്നതിനു മുൻപ് ഒരു എൻജിനീയറെയോ …ആർക്കിടെക്ടിനെയോ കൊണ്ട് പരിശോധിപ്പിക്കുക.

നിങ്ങളുടെ വീടും ചുറ്റുപാടും വൃത്തിയാക്കാൻ തുടങ്ങുന്നതിനുമുമ്പ് നാശം സംഭവിച്ച വസ്തുവകകളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുക. ഈ ഫോട്ടോകൾ പിന്നീട് ധനസഹായം ലഭിക്കുന്നതിനും ഇൻഷുറൻസ് ആവശ്യങ്ങൾക്കും ഉപകരപ്പെട്ടേക്കാം .

ജനാലകൾ പുറത്തുനിന്ന് തുറക്കാൻ പറ്റുമെങ്കിൽ തുറന്നിടുക. അസ്വാഭാവിക ഗന്ധം എന്തെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിക്കുക. കുറച്ചു സമയം കഴിഞ്ഞിട്ട് അകത്ത് കടന്നാൽ മതി.

വീടിനകത്ത് കടക്കും മുന്പ് മെയിൻ സ്വിച്ച് ഓഫ് ചെയ്യണം. ഗ്യാസ് സിലിണ്ടറും അടക്കണം. ചെന്നു കേറിയ ഉടനെ ലൈറ്റർ, സിഗരറ്റ്, മെഴുകുതിരി എന്നിവയൊന്നും കത്തിക്കരുത്.
ഇലക്ട്രിക് ഉപകരണങ്ങൾ വിദഗ്ധരുടെ സഹായത്താൽ പരിശോധിപ്പിക്കാതെ പ്രവർത്തിപ്പിക്കരുത്

കൈകാലുകളിൽ മുറിവുകളുള്ളവർ വീടുവൃത്തിയാക്കലിന് ഇറങ്ങാതിരിക്കുന്നതാണു നല്ലത്. ക്ലീനിങ്ങിനിടയിൽ മുറിവെന്തെങ്കിലും സംഭവിച്ചാൽ ഉടൻ ടിടി ഇൻജക്ഷൻ എടുക്കുക. മുമ്പ് വാക്സിൻ എടുത്തു എന്ന കാരണത്താൽ ടി ടി ഒഴിവാക്കരുത്.

കഴിയുമെങ്കിൽ ബൂട്ട് ഉപയോഗിക്കുക. വെള്ളത്തിന്റെ കൂടെ കൂർത്ത വസ്തുക്കളോ ആണിയോ, കൂര്‍ത്ത കല്ലുകളോ, കക്കൂസ് മാലിന്യങ്ങളോ ഒക്കെ വീടിന്റെ ഉള്ളിൽ കാണാം.
പറ്റുമെങ്കിൽ ചെളിയുടെ നിരപ്പിന് മുകളിൽ ഉള്ള ചെരുപ്പുകൾ ധരിക്കണം. വ്യക്ത്തി സുരക്ഷക്ക് വേണ്ടി ഒരു മാസ്ക് ഉപയോഗിക്കണം, അത് ലഭ്യമല്ലെങ്കിൽ ഒരു തോർത്ത് മൂക്കിന് മുകളിലൂടെ ചുറ്റിക്കെട്ടണം. കയ്യിൽ കട്ടിയുള്ള കൈയുറകൾ ഉണ്ടെങ്കിൽ നല്ലതാണ്.

വാതിലിന്റെ ഇരുവശവും ചെളി ഉണ്ടെങ്കിൽ തുറക്കാൻ ബലം പ്രയോഗിക്കേണ്ടി വരും. പഴയ വീടാണെങ്കിൽ അത് ഭിത്തിയെയോ മേൽക്കൂരയെയോ അസ്ഥിരപ്പെടുത്തിയേക്കാം.

വെള്ളപ്പാച്ചിലിൽ നിന്നും രക്ഷ നേടാനായി ഇഴജന്തുക്കളും, മറ്റു ക്ഷുദ്ര ജീവികളും വീട്ടിലെ അലമാരയുടെ ഉള്ളിലോ, കട്ടിലിന്റെ അടിയിലോ, മേശയിലോ, അടുക്കളയുടെയോ, വീടിന്റെ മറ്റു മുറികളിലോ, തട്ടിൻപുറത്തോ ഒക്കെ അഭയം തേടിയിരിക്കാം. വീട്ടിലെ മുതിർന്ന ആൾ ഒരു നീണ്ട വടിയും ആയി വീടിന്റെ എല്ലാ ഭാഗങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ മറ്റുള്ളവർ വീട്ടിലേക്ക് പ്രവേശിക്കാവൂ. പാമ്പുകളെ വീട്ടിൽ കണ്ടാൽ ഉടനെ വനം വകുപ്പിനെ വിവരം അറിയിക്കുക. മറ്റുള്ള ക്ഷുദ്ര ജീവികളെ സുരക്ഷിതമായി വീടിനു വെളിയിൽ ആക്കുക.

പ്രളയ ജലവും ആയി സമ്പർക്കത്തിൽ വന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ (അരി ഉൾപ്പെടെ) എല്ലാം തന്നെ നശിപ്പിച്ചു കളയുന്നതാണ് ഉത്തമം. മലിനജലവും, കക്കൂസ് മാലിന്യങ്ങളും ആയി സമ്പർക്കം ആയ വസ്തുക്കൾ പിന്നീട് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. എത്ര കഴുകിയാലും ഇ.കോളി പോലുള്ള ബാക്ടീരിയകൾ നശിക്കില്ല.

ഉപയോഗ ശൂന്യമായ ഫർണീച്ചറുകൾ, കട്ടിൽ, മെത്ത, കുഷ്യനുകൾ, വിരിപ്പ് ഇവ കളയുക. ബാക്കിയുള്ള ഉപയോഗ യോഗ്യമായ ഫർണീച്ചറുകൾ വീടിനു പുറത്തേക്കു മാറ്റിയാൽ ക്ലീനിങ് എളുപ്പം ആകും.

ഒരു വീതിയുള്ള മണ്വെട്ടി (shovel) ഉപയോഗിച്ച് മണ്ണും ചെളിയും നീക്കുക ആണ് പിന്നീട് ചെയ്യേണ്ട ജോലി. കൂടുതൽ വെള്ളം ഉണ്ടെങ്കിൽ പമ്പ് ഉപയോഗിച്ചു നീക്കേണ്ടി വരും. കയ്യിൽ പറ്റുമെങ്കിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കുക. ഗ്ലൗസ് ഉപയോഗത്തിനു ശേഷം കളയുക.
വെള്ളം കയറിയ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാതെ സർവീസ് സെന്ററിൽ എന്തിക്കുക.

ആദ്യമായി വീട്ടിലേക്കു പോകുമ്പോൾ കുട്ടികളെ കൊണ്ട് പോകരുത്. അവിടെ ഇഴ ജന്തുക്കളും മറ്റും കണ്ടേക്കാം. കുട്ടികള്‍ക്ക് വലിയ മാനസിക ആഘാതം ഉണ്ടാകാനും സാധ്യതയുണ്ട്.
വേണ്ട വിധം മുൻകരുതലുകൾ എടുത്തു, നന്നായി സമയം എടുത്ത് വേണ്ട രീതിയിൽ വൃത്തിയാക്കിയ ശേഷമേ പ്രളയ ദുരിതങ്ങൾ ഉണ്ടായ സ്ഥലത്തെ വീടുകളിൽ താമസം ആക്കാൻ പറ്റൂ.
വെള്ളം കയറിയ വീടുകളിലേക്ക് താമസത്തിനു കയറുന്നതിന് മുൻപ് വീട് സുരക്ഷിതമായി താമസിക്കാൻ അനുയോജ്യം ആക്കാൻ സഹായിക്കുന്നതും ദുരിതാശ്വാസ പ്രവർത്തനത്തിൽപ്പെട്ട കാര്യം തന്നെ എന്ന് പ്രത്യേകം പറയേണ്ടത് ഇല്ലല്ലോ?

1 thought on “മുന്‍കരുതല്‍/സുരക്ഷ

Leave a Reply

Your email address will not be published. Required fields are marked *