അഴുകുന്ന വസ്തുക്കള്‍/വളര്‍ത്തുമൃഗങ്ങള്‍

ജീവനും സ്വത്തിനും വലിയ നാശ നഷ്ടങ്ങൾ വരുത്തി അവസാനിക്കുന്ന ഓരോ പ്രളയവും അവശേഷിപ്പിക്കുന്നത് മാലിന്യക്കൂമ്പാരങ്ങളാണ്. പ്രളയ ശേഷമുള്ള മലിന ജലം കോളറ, മലേറിയ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങി ഒട്ടനവധി രോഗങ്ങൾ പരക്കാൻ ഇടയാക്കും. ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണത്തിലൂടെ മാത്രമേ പ്രളയശേഷമുണ്ടായേക്കാവുന്ന മാരക രോഗങ്ങളുടെ സാധ്യത ഇല്ലാതാക്കാനാവൂ.

  • വീട്ടിലെ അഴുകിയ പച്ചക്കറികളും മത്സ്യമാംസാദികളും എത്രയും പെട്ടെന്ന് മാലിന്യശേഖരണ സംവിധാനങ്ങളെ എല്പ്പിക്കുകയോ, കമ്പോസ്റ്റ് ചെയ്യുകയോ ചെയ്യേണ്ടതാണ്. ഇവ അഴുകിയാല്‍ രോഗങ്ങള്‍ വിളിച്ചുവരുത്താം. ഫ്രിഡ്ജിനകത്തുള്ളതും വെള്ളത്തില്‍ നനഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ ഉണക്കി ഉപയോഗിക്കരുത്’ ഫ്രീസറിനകത്ത് ഇറച്ചിയോ മീനോ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അഴുകി മീതേന്‍ വാതകം രൂപപ്പെട്ടിട്ടുണ്ടാകാം. ഫ്രീസര്‍ തുറക്കുമ്പോള്‍ സൂക്ഷിക്കുക. ഫ്രിഡ്ജില്‍ വെച്ച പാലുല്‍പന്നങ്ങള്‍ പ്രളയശേഷം ഉപയോഗിക്കത്തതാവും നല്ലത്.
  • വീട്ടിലോ പരിസരത്തോ ചത്ത പക്ഷികളുടെയോ ചെറു ജീവികളുടെയോ ശരീരം ശ്രദ്ധയിൽപ്പെട്ടാൽ അതൊരു പ്ലാസ്റ്റിക് കവറിനകത്താക്കുക. മാലിന്യ സംസ്ക്കരണം കൃത്യമായി നടക്കുന്നയിടങ്ങളിൽ വീട്ടുമാലിന്യത്തോടൊപ്പം കൈമാറുകയോ അല്ലാത്തയിടങ്ങളിൽ സാധ്യമായമറ്റ് വഴികൾ തേടുകയോ വേണം.

ചത്ത വളര്‍ത്തുമൃഗങ്ങളെ കണ്ടെത്തി ഉടനെത്തന്നെ അവയുടെ ജഡം സംസ്ക്കരിക്കേണ്ടതാണ്. അതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ താഴെപ്പറയുന്നവയാണ്.

  • നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ജഡം നിങ്ങളുടെ പറമ്പിലോ, നിങ്ങൾക്ക് സ്വന്തമായി സ്ഥലമില്ലെങ്കിൽ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെ യോ സ്ഥലത്തോ, രണ്ടടി താഴ്ചയിൽ കുഴിയെടുത്ത് സംസ്കരിക്കാവുന്നതാണ്. ഒരു സാഹചര്യത്തിലും ചത്ത മൃഗങ്ങളെ വെറും കൈ കൊണ്ട് സ്പർശിക്കരുത്. കൈയുറകളും മൺവെട്ടിയും  ഉപയോഗിച്ച് കുഴിയില്‍ കരിയിലകള്‍ നിരത്തിയ ശേഷം ജഡം മറവ് ചെയ്യണം. മൃഗങ്ങളെ സംസ്ക്കരിക്കുമ്പോൾ സമീപത്തുള്ള ജലസ്രോതസുകളിൽ നിന്നും കുടിവെള്ള പൈപ്പുകളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്‌. കുഴിയില്‍ ചുണ്ണാമ്പ് ഇട്ട ശേഷം ശേഷം മറവ് ചെയ്യുന്നത് നല്ലതാണ്.
  • പ്രധാന നഗരങ്ങളിലെ ശ്മശാനങ്ങളിൽ മൃഗങ്ങളെ കത്തിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ അതുപയോഗിക്കാവുന്നതാണ്.
  • നിങ്ങളുടെ സമീപത്തുള്ള മൃഗ സംരക്ഷണ വകുപ്പ് ഓഫീസുകൾക്ക് ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാനാവും. വലിയ മൃഗങ്ങളുടെ ശരീരം സംസ്കരിക്കേണ്ടി വരുമ്പോൾ താഴെപ്പറയുന്ന മാർഗങ്ങളിലൊന്ന് തെരഞ്ഞെടുക്കാവുന്നതാണ്.
  • വലിയ കുഴികൾ നികത്തുന്നിടത്തോ, പൈലിങ്ങ് ജോലികൾ നടക്കുന്നയിടത്തോ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയോടെ മൃഗങ്ങളുടെ ജഡം നിക്ഷേപിക്കാവുന്നതാണ്.
  • ജനവാസ കേന്ദ്രത്തിൽ നിന്നകന്ന പ്രദേശങ്ങളിൽ കമ്പോസ്റ്റ് കുഴികളിൽ അഴുകാനുവദിച്ചാൽ മൃഗാവ ശിഷ്ടങ്ങൾ മണ്ണിനെ വളക്കൂറുള്ളതാക്കും.

അല്‍പ്പം അശ്രദ്ധമതി പകര്‍ച്ചവ്യാധികള്‍ പടരാന്‍ എന്ന് ഓര്‍ക്കേണ്ടതുണ്ട്

1 thought on “അഴുകുന്ന വസ്തുക്കള്‍/വളര്‍ത്തുമൃഗങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *